(35) (അല്ലാഹുവോട്) പങ്കാളികളെ ചേര്‍ത്തവര്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്‍മാരോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്‍റെ കല്‍പന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത് പോലെത്തന്നെ അവര്‍ക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്. എന്നാല്‍ ദൈവദൂതന്‍മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ?
(36) തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.
(37) (നബിയേ,) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ (അത് വെറുതെയാകുന്നു. കാരണം) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല; തീര്‍ച്ച. അവര്‍ക്ക് സഹായികളായി ആരും ഇല്ല താനും.
(38) അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്. അങ്ങനെയല്ല. അത് അവന്‍ ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
(39) ഏതൊരു വിഷയത്തില്‍ അവര്‍ ഭിന്നത പുലര്‍ത്തുന്നുവോ അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാനും തങ്ങള്‍ കള്ളം പറയുന്നവരായിരുന്നു എന്ന് സത്യനിഷേധികള്‍ മനസ്സിലാക്കുവാനും വേണ്ടിയത്രെ അത്. (അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നത്.)
(40) നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന് അതിനോട് നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.
(41) അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൌകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!
(42) ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവരത്രെ അവര്‍. (മുഹാജിറുകള്‍)