يونس Yunus
(1) അലിഫ് ലാം റാ. വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ.
(2) ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്‍റെതായ പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ സ്പഷ്ടമായും ഒരു മാരണക്കാരന്‍ തന്നെയാകുന്നു.
(3) തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
(4) അവങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിന്‍റെ സത്യവാഗ്ദാനമത്രെ അത്. തീര്‍ച്ചയായും അവന്‍ സൃഷ്ടി ആരംഭിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീതിപൂര്‍വ്വം പ്രതിഫലം നല്‍കുവാന്‍ വേണ്ടി അവന്‍ സൃഷ്ടികര്‍മ്മം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നിഷേധിച്ചതാരോ അവര്‍ക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമത്രെ അത്.
(5) സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.
(6) തീര്‍ച്ചയായും രാപകലുകള്‍ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകള്‍ക്ക് പല തെളിവുകളുമുണ്ട്.