(3) അവന്ന് പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ദൈവങ്ങള്‍) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.
(4) സത്യനിഷേധികള്‍ പറഞ്ഞു: ഇത് (ഖുര്‍ആന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്.
(5) ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.
(6) (നബിയേ,) പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യമറിയുന്നവനാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(7) അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?
(8) അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
(9) അവര്‍ നിന്നെക്കുറിച്ച് എങ്ങനെയാണ് ചിത്രീകരണങ്ങള്‍ നടത്തിയതെന്ന് നോക്കൂ. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല.
(10) താന്‍ ഉദ്ദേശിക്കുന്ന പക്ഷം അതിനെക്കാള്‍ ഉത്തമമായത് അഥവാ താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന തോപ്പുകള്‍ നിനക്ക് നല്‍കുവാനും നിനക്ക് കൊട്ടാരങ്ങള്‍ ഉണ്ടാക്കിത്തരുവാനും കഴിവുള്ളവനാരോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു.
(11) അല്ല, അന്ത്യസമയത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. അന്ത്യസമയത്തെ നിഷേധിച്ച് തള്ളിയവര്‍ക്ക് കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിരിക്കുന്നു.