(216) യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
(217) വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(218) വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
(219) (നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്. എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.