(195) അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്.
(196) സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്.
(197) തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
(198) എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം.
(199) തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
(200) സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.