(23) സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.
(24) സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(25) സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
(26) വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.
(27) അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
(28) നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം
(29) അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.
(30) പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.