(4) അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിച്ചു തള്ളപ്പെട്ടിട്ടുണ്ട്. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
(5) മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.
(6) തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്.
(7) അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്.
(8) എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.
(9) അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്.
(10) ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും.
(11) അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു.