(38) ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില്‍ അവന്‍ എത്ര ദുഷിച്ച ഒരു കൂട്ടുകാരന്‍!
(39) അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാല്‍ അവര്‍ക്കെന്തൊരു ദോഷമാണുള്ളത്? അല്ലാഹു അവരെ പറ്റി നന്നായി അറിയുന്നവനാകുന്നു.
(40) തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്.
(41) എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ!
(42) അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവര്‍ ആ ദിവസം കൊതിച്ചു പോകും; അവരെ മൂടിക്കൊണ്ട് ഭൂമി നിരപ്പാക്കപ്പെട്ടിരുന്നു വെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്. ഒരു വിവരവും അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ഒളിച്ചു വെക്കാനാവില്ല.
(43) സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു.
(44) വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍ ദുര്‍മാര്‍ഗം വിലയ്ക്ക് വാങ്ങുകയും, നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.