(141) നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍) നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
(142) തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.
(143) ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.
(144) സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
(145) തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.
(146) എന്നാല്‍ പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
(147) നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ് ? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.