(141) അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്.
(142) അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?
(143) നിങ്ങള്‍ മരണത്തെ നേരില്‍ കാണുന്നതിന് മുമ്പ് നിങ്ങളതിന് കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ അത് നിങ്ങള്‍ കണ്ടു കഴിഞ്ഞു.
(144) മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
(145) അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്ന് നാം അവിടെ നിന്ന് നല്‍കും. നന്ദികാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
(146) എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.
(147) അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
(148) തന്‍മൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവര്‍ക്ക് നല്‍കി. അല്ലാഹു സല്‍കര്‍മ്മകാരികളെ സ്നേഹിക്കുന്നു.