(109) അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
(110) മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
(111) ചില്ലറ ശല്യമല്ലാതെ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്. പിന്നീടവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
(112) നിന്ദ്യത അവരില്‍ അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നു; അവര്‍ എവിടെ കാണപ്പെട്ടാലും. അല്ലാഹുവില്‍ നിന്നുള്ള പിടികയറോ, ജനങ്ങളില്‍ നിന്നുള്ള പിടികയറോ മുഖേനയല്ലാതെ (അവര്‍ക്ക് അതില്‍ നിന്ന് മോചനമില്ല.) അവര്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകുകയും, അവരുടെ മേല്‍ അധമത്വം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
(113) അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രി സമയങ്ങളില്‍ സുജൂദില്‍ (അഥവാ നമസ്കാരത്തില്‍) ഏര്‍പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
(114) അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കല്‍പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു.
(115) അവര്‍ ഏതൊരു നല്ലകാര്യം ചെയ്താലും അതിന്‍റെ പ്രതിഫലം അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിവുള്ളവാനാകുന്നു.