(61) അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്
(62) അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും
(63) അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന് അങ്ങനെ അത് (കടല്‍ ) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു
(64) മറ്റവരെ (ഫിര്‍ഔന്‍റെ പക്ഷം) യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി
(65) മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി
(66) പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു
(67) തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല
(68) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും
(69) ഇബ്രാഹീമിന്‍റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക
(70) അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം
(71) അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു
(72) അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ?
(73) അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?
(74) അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം)
(75) അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
(76) നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും
(77) എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്‍റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ
(78) അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍
(79) എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍
(80) എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്
(81) എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍
(82) പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍
(83) എന്‍റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ