(88) എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്.
(89) എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക് യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ?
(90) മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്‍റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും,എന്‍റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.
(91) അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്.
(92) അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത്?
(93) എന്നെ നീ പിന്തുടരാതിരിക്കാന്‍. നീ എന്‍റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്?
(94) അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന് നീ കാത്തുനിന്നില്ല. എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്.
(95) (തുടര്‍ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്‍റെ കാര്യം എന്താണ്?
(96) അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്‍റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്‍റെ മനസ്സ് എന്നെ പ്രേരിപ്പിച്ചത്.
(97) അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് തൊട്ടുകൂടാ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ച് കൊണേ്ടയിരിക്കുന്ന നിന്‍റെ ആ ദൈവത്തിന്‍റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്.
(98) നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ അറിവ് എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു.