(12) അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്.
(13) എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു.
(14) അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്, അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് ദൈവദൂതന്‍മാര്‍ ചെന്ന സമയത്ത് അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു.
(15) എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.
(16) അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് കൂടുതല്‍ അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയുമില്ല.
(17) എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. അപ്പോള്‍ സന്‍മാര്‍ഗത്തേക്കാളുപരി അന്ധതയെ അവര്‍ പ്രിയങ്കരമായി കരുതുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമായി അപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി.
(18) വിശ്വസിക്കുകയും ധര്‍മ്മനിഷ്ഠ പുലര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
(19) അല്ലാഹുവിന്‍റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)
(20) അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്.