(203) എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (അവയില്‍) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക.
(204) ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ.
(205) അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
(206) അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ച് നിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!
(207) വേറെ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തന്റെ ദാസന്‍മാരോട് അത്യധികം ദയയുള്ളവനാകുന്നു.
(208) സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
(209) നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷവും നിങ്ങള്‍ വഴുതിപ്പോകുകയാണെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്.
(210) മേഘമേലാപ്പില്‍ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര്‍ കാത്തിരിക്കുന്നത്? എന്നാല്‍ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേക്കാകുന്നു മടക്കപ്പെടുന്നത്.