(113) യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്.
(114) അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും.
(115) കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
(116) അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു.
(117) ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.
(118) വിവരമില്ലാത്തവര്‍ പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് (നേരിട്ട്) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് (ബോധ്യമാകുന്ന) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക് മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ട് കൂട്ടരുടെയും മനസ്സുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിട്ടുണ്ട്.
(119) തീര്‍ച്ചയായും നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീത് നല്‍കുന്നവനുമായിക്കൊണ്ട് സത്യവുമായി അയച്ചിരിക്കുകയാണ്. നരകാവകാശികളെപ്പറ്റി നീ ചോദ്യം ചെയ്യപ്പെടുന്നതല്ല.