(23) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.
(24) അതല്ല, അദ്ദേഹം (പ്രവാചകന്‍) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്‍റെ ഹൃദയത്തിനുമേല്‍ അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്‍റെ വചനങ്ങള്‍ കൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഹൃദങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
(25) അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.
(26) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ (പ്രാര്‍ത്ഥനയ്ക്ക്) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്.
(27) അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നുഠീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.
(28) അവന്‍ തന്നെയാകുന്നു മനുഷ്യര്‍ നിരാശപ്പെട്ടുകഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.
(29) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ . അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അവന്‍.
(30) നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.
(31) നിങ്ങള്‍ക്ക് ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പിച്ച് കളയാനാവില്ല.അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ലതാനും.