(75) നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള കഷ്ടത നീക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കുന്ന അവസ്ഥയില്‍ തന്നെ ശഠിച്ചുനില്‍ക്കുമായിരുന്നു.
(76) നാം അവരെ ശിക്ഷയുമായി പിടികൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങിയില്ല. അവര്‍ താഴ്മ കാണിക്കുന്നുമില്ല.
(77) അങ്ങനെ നാം അവരുടെ നേരെ കഠിനശിക്ഷയുടെ ഒരു കവാടമങ്ങ് തുറന്നാല്‍ അവരതാ അതില്‍ നൈരാശ്യം പൂണ്ടവരായിക്കഴിയുന്നു.
(78) അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു.
(79) അവനാകുന്നു ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ചു വ്യാപിപ്പിച്ചവന്‍. അവന്‍റെ അടുക്കലേക്കാകുന്നു നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.
(80) അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
(81) അല്ല, പൂര്‍വ്വികന്‍മാര്‍ പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്.
(82) അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചു മണ്ണും അസ്ഥിശകലങ്ങളും ആയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
(83) ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.
(84) (നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)
(85) അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?
(86) നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?
(87) അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
(88) നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)
(89) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?