(62) അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(63) നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.
(64) അറിയുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന് അവന്നറിയാം. അവങ്കലേക്ക് അവര്‍ മടക്കപ്പെടുന്ന ദിവസം അവന്നറിയാം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കവന്‍ പറഞ്ഞുകൊടുക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
الفرقان Al-Furqaan
(1) തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്.
(2) ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്‍.) അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.