(6) അവര്‍ക്ക് (ആ മര്‍ദ്ദിതര്‍ക്ക്) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു.)
(7) മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്.
(8) എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.
(9) ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.
(10) മൂസായുടെ മാതാവിന്‍റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്.)
(11) അവള്‍ അവന്‍റെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: നീ അവന്‍റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല.
(12) അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.
(13) അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.