(111) നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു.
(112) അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.
(113) പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്.
(114) (പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
(115) നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
(116) ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.
(117) തന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവന്‍ ആരാണെന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന് അറിയാം. നേര്‍വഴിപ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവന്‍ തന്നെയാണ്.
(118) അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.