(33) അവര്‍ ഏതൊരു പ്രശ്നവും കൊണ്ട് നിന്‍റെ അടുത്ത് വരികയാണെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ട് വന്ന് തരാതിരിക്കില്ല.
(34) മുഖങ്ങള്‍ നിലത്ത് കുത്തിയ നിലയില്‍ നരകത്തിലേക്ക് തെളിച്ചു കൂട്ടപ്പെടുന്നവരാരോ അവരാണ് ഏറ്റവും മോശമായ സ്ഥാനത്ത് നില്‍ക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും.
(35) മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹാറൂനെ അദ്ദേഹത്തോടൊപ്പം നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
(36) എന്നിട്ട് നാം പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കളഞ്ഞ ജനതയുടെ അടുത്തേക്ക് നിങ്ങള്‍ പോകുക തുടര്‍ന്ന് നാം ആ ജനതയെ പാടെ തകര്‍ത്തു കളഞ്ഞു.
(37) നൂഹിന്‍റെ ജനതയേയും (നാം നശിപ്പിച്ചു.) അവര്‍ ദൂതന്‍മാരെ നിഷേധിച്ചു കളഞ്ഞപ്പോള്‍ നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. അക്രമികള്‍ക്ക് (പരലോകത്ത്) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
(38) ആദ് സമുദായത്തേയും, ഥമൂദ് സമുദായത്തെയും, റസ്സുകാരെയും അതിന്നിടയിലായി അനേകം തലമുറകളേയും (നാം നശിപ്പിച്ചിട്ടുണ്ട്.)
(39) എല്ലാവര്‍ക്കും നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അത് തള്ളിക്കളഞ്ഞപ്പോള്‍) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു.
(40) ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത് കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് പ്രതീക്ഷിക്കാത്തവരാകുന്നു.
(41) നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത് ഇവനെയാണോ? എന്ന് ചോദിക്കുക മാത്രമായിരിക്കും അവര്‍ ചെയ്യുന്നത്.
(42) നമ്മുടെ ദൈവങ്ങളുടെ കാര്യത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കില്‍ അവയില്‍ നിന്ന് ഇവന്‍ നമ്മെ തെറ്റിച്ചുകളയാനിടയാകുമായിരുന്നു (എന്നും അവര്‍ പറഞ്ഞു.) ശിക്ഷ നേരില്‍ കാണുന്ന സമയത്ത് അവര്‍ക്കറിയുമാറാകും; ആരാണ് ഏറ്റവും വഴിപിഴച്ചവന്‍ എന്ന്.
(43) തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ?