(143) എട്ടു ഇണകളെ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) ചെമ്മരിയാടില്‍ നിന്ന് രണ്ടും, കോലാടില്‍ നിന്ന് രണ്ടും. പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, അതല്ല, പെണ്‍വര്‍ഗങ്ങളെയാണോ, അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അറിവിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എനിക്ക് പറഞ്ഞുതരൂ; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
(144) ഒട്ടകത്തില്‍ നിന്ന് രണ്ട് ഇണകളെയും, പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളെയും(അവന്‍ സൃഷ്ടിച്ചു.) പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, പെണ്‍വര്‍ഗങ്ങളെയാണോ അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അല്ല, അല്ലാഹു നിങ്ങളോട് ഇതൊക്കെ ഉപദേശിച്ച സന്ദര്‍ഭത്തിന് നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ? അപ്പോള്‍ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലേക്ക് നയിക്കുകയില്ല; തീര്‍ച്ച.
(145) (നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(146) നഖമുള്ള എല്ലാ ജീവികളെയും ജൂതന്‍മാര്‍ക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട് എന്നീ വര്‍ഗങ്ങളില്‍ നിന്ന് അവയുടെ കൊഴുപ്പുകളും നാം അവര്‍ക്ക് നിഷിദ്ധമാക്കി. അവയുടെ മുതുകിന്‍മേലോ കുടലുകള്‍ക്ക് മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന് നാമവര്‍ക്ക് നല്‍കിയ പ്രതിഫലമത്രെ അത്. തീര്‍ച്ചയായും നാം സത്യം പറയുകയാകുന്നു.