(47) (നബിയേ,) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.)
(48) എത്രയോ നാടുകള്‍ക്ക് അവിടത്തുകാര്‍ അക്രമികളായിരിക്കെതന്നെ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് ഞാന്‍ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്‍റെ അടുത്തേക്കാകുന്നു (എല്ലാറ്റിന്‍റെയും) മടക്കം.
(49) (നബിയേ,) പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
(50) എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കുന്നതാണ്.
(51) (നമ്മെ) തോല്‍പിച്ച് കളയാമെന്ന ഭാവത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരാരോ അവരത്രെ നരകാവകാശികള്‍.
(52) നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച് ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(53) ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു.
(54) വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ് (അത് ഇടയാക്കുക.) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു.
(55) തങ്ങള്‍ക്ക് അന്ത്യസമയം പെട്ടെന്ന് വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങള്‍ക്ക് വന്നെത്തുകയോ ചെയ്യുന്നത് വരെ ആ അവിശ്വാസികള്‍ ഇതിനെ (സത്യത്തെ) പ്പറ്റി സംശയത്തിലായിക്കൊണേ്ടയിരിക്കും.