(44) അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്.
(45) എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
(46) (യാഥാര്‍ത്ഥ്യം) വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക് നയിക്കുന്നു.
(47) അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ.
(48) അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു.
(49) ന്യായം അവര്‍ക്ക് അനുകൂലമാണെങ്കിലോ അവര്‍ അദ്ദേഹത്തിന്‍റെ (റസൂലിന്‍റെ) അടുത്തേക്ക് വിധേയത്വത്തോട് കൂടി വരികയും ചെയ്യും.
(50) അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്‍റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍.
(51) തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.
(52) അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍.
(53) നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന് - അവര്‍ക്ക് സത്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലെല്ലാം -അല്ലാഹുവിന്‍റെ പേരില്‍ അവര്‍ സത്യം ചെയ്ത് പറഞ്ഞു. നീ പറയുക: നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ് വേണ്ടത്. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.