(65) വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
(66) തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.
(67) ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
(68) പറയുക: വേദക്കാരേ, തൌറാത്തും ഇന്‍ജീലും നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ (നേരാംവണ്ണം) നിലനിര്‍ത്തുന്നത് വരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല. എന്നാല്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികപേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അതിനാല്‍ സത്യനിഷേധികളായ ജനങ്ങളെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
(69) സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
(70) ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ് ചെയ്തത്.