(12) രണ്ടു ജലാശയങ്ങള്‍ സമമാവുകയില്ല. ഒന്ന് കുടിക്കാന്‍ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന് കയ്പുറ്റ ഉപ്പു വെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പുത്തന്‍മാംസം എടുത്ത് തിന്നുന്നു. നിങ്ങള്‍ക്ക് ധരിക്കുവാനുള്ള ആഭരണം (അതില്‍ നിന്ന്) പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും നിനക്ക് കാണാം. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമത്രെ അത്.
(13) രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.
(14) നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
(15) മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.
(16) അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ്.
(17) അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല.
(18) പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത.് അല്ലാഹുവിങ്കലേക്കാണ് മടക്കം.പ