(16) ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും,
(17) ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍.)
(18) താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.
(19) തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
(20) ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍ പറ്റിയവരും (അങ്ങനെ തന്നെ) . വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (ദിവ്യ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്‍റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
(21) അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാന്‍ കല്‍പിക്കുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക.
(22) തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിപ്പോയ വിഭാഗമത്രെ അവര്‍. അവര്‍ക്ക് സഹായികളായി ആരും ഉണ്ടായിരിക്കുകയില്ല.