(18) യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. (നബിയേ,) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം.
(19) വേദക്കാരേ, ദൈവദൂതന്‍മാര്‍ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതന്നു കൊണ്ട് നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത് ഒരു സന്തോഷവാര്‍ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. അതെ, നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും, താക്കീത് നല്‍കുകയും ചെയ്യുന്ന ആള്‍ (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
(20) മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്ത്കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക.
(21) എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.
(22) അവര്‍ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം.
(23) ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന് ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക.