(69) നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെ. നിങ്ങളെക്കാള്‍ കനത്ത ശക്തിയുള്ളവരും, കൂടുതല്‍ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവര്‍ സുഖമനുഭവിച്ചു. എന്നാല്‍ നിങ്ങളുടെ ആ മുന്‍ഗാമികള്‍ അവരുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചത് പോലെ ഇപ്പോള്‍ നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവര്‍ (അധര്‍മ്മത്തില്‍) മുഴുകിയത് പോലെ നിങ്ങളും മുഴുകി. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
(70) ഇവര്‍ക്ക് മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്കു വന്നെത്തിയില്ലേ? അതായത് നൂഹിന്‍റെ ജനതയുടെയും, ആദ്, ഥമൂദ് ജനവിഭാഗങ്ങളുടെയും, ഇബ്രാഹീമിന്‍റെ ജനതയുടെയും മദ്‌യങ്കാരുടെയും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം.) അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അല്ലാഹു അവരോട് അക്രമം കാണിക്കുകയുണ്ടായില്ല. പക്ഷെ, അവര്‍ അവരോടു തന്നെ അക്രമം കാണിക്കുകയായിരുന്നു.
(71) സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.
(72) സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം.