الأحزاب Al-Ahzaab
(1) (നബിയേ,) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
(2) നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.
(3) അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
(4) യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.
(5) നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(6) പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.