(96) നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.
(97) പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗത്തെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്.
(98) അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.
(99) റസൂലിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.
(100) (നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്‍റെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
(101) സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്) അല്ലാഹു (നിങ്ങള്‍ക്ക്) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
(102) നിങ്ങള്‍ക്ക് മുമ്പ് ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.
(103) ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.