(26) രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
(27) തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.
(28) നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടു വരുന്നതുമാണ്.
(29) തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.
(30) അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
(31) അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അക്രമകാരികള്‍ക്കാവട്ടെ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.
المرسلات Al-Mursalaat
(1) തുടരെത്തുടരെ അയക്കപ്പെടുന്നവയും,
(2) ശക്തിയായി ആഞ്ഞടിക്കുന്നവയും,
(3) പരക്കെ വ്യാപിപ്പിക്കുന്നവയും,
(4) വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
(5) ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
(6) ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
(7) തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
(8) നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
(9) ആകാശം പിളര്‍ത്തപ്പെടുകയും,
(10) പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
(11) ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
(12) ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
(13) തീരുമാനത്തിന്‍റെ ദിവസത്തേക്ക്!
(14) ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
(15) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
(16) പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
(17) പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്.
(18) അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
(19) അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.