(94) അവരുടെ അടുക്കലേക്ക് (യുദ്ധം കഴിഞ്ഞ്) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് ഒഴികഴിവ് പറയുന്നതാണ്. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (കാരണം) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക് അറിയിച്ച് തന്നിട്ടുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്.
(95) നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടി യത്രെ അത്. അത് കൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്.
(96) നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച.
(97) അഅ്‌റാബികള്‍ (മരുഭൂവാസികള്‍) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്‍റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍ കൂടുതല്‍ തരപ്പെട്ടവരുമാണവര്‍. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(98) തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും, നിങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്. അവരുടെ മേല്‍ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
(99) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങള്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കല്‍ സാമീപ്യത്തിനുതകുന്ന പുണ്യകര്‍മ്മങ്ങളും, റസൂലിന്‍റെ പ്രാര്‍ത്ഥനയ്ക്കുള്ള മാര്‍ഗവും ആക്കിത്തീര്‍ക്കുകയും ചെയ്യുന്ന ചിലരും അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്. ശ്രദ്ധിക്കുക: തീര്‍ച്ചയായും അതവര്‍ക്ക് ദൈവസാമീപ്യം നല്‍കുന്നതാണ്. അല്ലാഹു അവരെ തന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.