(171) വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
(172) അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്‍റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
(173) എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ആരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റികൊടുക്കുകയും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.
(174) മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.
(175) അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്.