الأنعام Al-An'aam
(1) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെ വെക്കുന്നു.
(2) അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു.
(3) അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു.
(4) അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നുകിട്ടുമ്പോഴും അവരതിനെ അവഗണിച്ച് കളയുക തന്നെയാകുന്നു.
(5) അങ്ങനെ ഈ സത്യം അവര്‍ക്ക് വന്ന് കിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചു കളഞ്ഞു. എന്നാല്‍ അവര്‍ ഏതൊന്നിനെ പരിഹസിച്ച് കൊണ്ടിരുന്നുവോ അതിന്‍റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്ക് വന്നെത്തുന്നതാണ്.
(6) അവര്‍ കണ്ടില്ലേ; അവര്‍ക്ക് മുമ്പ് നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന്? നിങ്ങള്‍ക്ക് നാം ചെയ്ത് തന്നിട്ടില്ലാത്ത സൌകര്യം ഭൂമിയില്‍ അവര്‍ക്ക് നാം ചെയ്ത് കൊടുത്തിരുന്നു. നാം അവര്‍ക്ക് ധാരാളമായി മഴ വര്‍ഷിപ്പിച്ച് കൊടുക്കുകയും, അവരുടെ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുക്കുകയും ചെയ്തിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ കാരണം നാം അവരെ നശിപ്പിക്കുകയും, അവര്‍ക്ക് ശേഷം നാം വേറെ തലമുറകളെ ഉണ്ടാക്കുകയും ചെയ്തു.
(7) (നബിയേ,) നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക.
(8) ഇയാളുടെ (നബി (സ) യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല.