(41) നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധര്‍മ്മസമരത്തിന്) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.
(42) അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാം.
(43) (നബിയേ,) നിനക്ക് അല്ലാഹു മാപ്പുനല്‍കിയിക്കുന്നു. സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമായി ബോധ്യപ്പെടുകയും കള്ളം പറയുന്നവരെ നിനക്ക് തിരിച്ചറിയുകയും ചെയ്യുന്നത് വരെ നീ എന്തിനാണ് അവര്‍ക്ക് അനുവാദം നല്‍കിയത്?
(44) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
(45) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, മനസ്സുകളില്‍ സംശയം കുടികൊള്ളുകയും ചെയ്യുന്നവര്‍ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം അവര്‍ അവരുടെ സംശയത്തില്‍ ആടിക്കളിച്ച് കൊണ്ടിരിക്കുകയാണ്.
(46) അവര്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവര്‍ ഒരുക്കുമായിരുന്നു. പക്ഷെ അവരുടെ പുറപ്പാട് അല്ലാഹു ഇഷ്ടപെടാതിരുന്നതുകൊണ്ട് അവരെ പിന്തിരിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തിരിക്കുന്നു.
(47) നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താന്‍ ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കംപായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്ത് കേള്‍ക്കുന്ന ചിലരുണ്ട് താനും. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്.