(46) തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും.
(47) അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
(48) അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും.
(49) ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
(50) എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
(51) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.
(52) എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.