(16) (നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല.
(17) പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.
(18) നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല.
(19) നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.
(20) സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ (കപടന്‍മാര്‍) വിചാരിക്കുന്നത്. സംഘടിതകക്ഷികള്‍ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്‍മാര്‍) കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.
(21) തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
(22) സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.