(99) അപ്രകാരം മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയുള്ള വൃത്താന്തങ്ങളില്‍ നിന്ന് നാം നിനക്ക് വിവരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മുടെ പക്കല്‍ നിന്നുള്ള ബോധനം നല്‍കിയിരിക്കുന്നു.
(100) ആരെങ്കിലും അതില്‍ നിന്ന് തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (പാപത്തിന്‍റെ) ഭാരം വഹിക്കുന്നതാണ്.
(101) അതില്‍ അവര്‍ നിത്യവാസികളായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ആ ഭാരം അവര്‍ക്കെത്ര ദുസ്സഹം!
(102) അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്.
(103) അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്.
(104) അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
(105) പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്.
(106) എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്.
(107) ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.
(108) അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്. എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴടങ്ങുന്നതുമാണ്. അതിനാല്‍ ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ല.
(109) അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.
(110) അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവര്‍ക്കാകട്ടെ അതിനെപ്പറ്റിയൊന്നും പരിപൂര്‍ണ്ണമായി അറിയാനാവുകയില്ല.
(111) എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന്ന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു. അക്രമത്തിന്‍റെ ഭാരം ചുമന്നവന്‍ പരാജയമടയുകയും ചെയ്തിരിക്കുന്നു.
(112) ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ അക്രമത്തെയോ അനീതിയെയോ ഭയപ്പെടേണ്ടി വരില്ല.
(113) അപ്രകാരം അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്ക് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി.