(29) അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?)
(30) അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.
(31) കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(32) പര്‍വ്വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്. എന്നാല്‍ അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരില്‍ ചിലര്‍ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകന്‍മാരും നന്ദികെട്ടവരും ആരെല്ലാമോ, അവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയുള്ളൂ.
(33) മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.
(34) തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.