(155) എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍ ചുരുക്കത്തിലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല.
(156) അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും
(157) അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
(158) എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
(159) വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.
(160) അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും.
(161) പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്.) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
(162) എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.