(66) നിങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്‍ക്ക് കല്‍പന നല്‍കിയിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും (സന്‍മാര്‍ഗത്തില്‍) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.
(67) എന്നാല്‍ അവര്‍ക്ക് നമ്മുടെ പക്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്‍കുകയും,
(68) നാമവരെ നേര്‍വഴിയില്‍ ചേര്‍ക്കുകയും ചെയ്യുമായിരുന്നു.
(69) ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!
(70) അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹമത്രെ അത്. എല്ലാം അറിയുന്നവനായി അല്ലാഹു മതി.
(71) സത്യവിശ്വാസികളേ, നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുവിന്‍. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള്‍ (യുദ്ധത്തിന്) പുറപ്പെട്ട് കൊള്ളുക.
(72) തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ മടിച്ച് പിന്നോക്കം നില്‍ക്കുന്നവനുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്‍, ഞാന്‍ അവരോടൊപ്പം (യുദ്ധത്തിന്) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം ചെയ്തിരിക്കുകയാണ് എന്നായിരിക്കും അവന്‍ പറയുക.
(73) നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ, നിങ്ങളും അവനും തമ്മില്‍ യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില്‍ അവന്‍ പറയും; (ഹാ കഷ്ടമായി!) ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.
(74) ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.