النجم An-Najm
(1) നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
(2) നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
(3) അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
(4) അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
(5) ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
(6) കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
(7) അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
(8) പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.
(9) അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.
(10) അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.
(11) അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.
(12) എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
(13) മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്.
(14) അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്
(15) അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.
(16) ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.
(17) (നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
(18) തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.
(19) ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
(20) വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
(21) (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
(22) എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
(23) നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.
(24) അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്?
(25) എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.
(26) ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.