(19) അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.
(20) അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.
(21) കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.
(22) തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം.
(23) അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും:
(24) നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്!
(25) അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് ചീത്ത ഭവനം.
(26) അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (മറ്റു ചിലര്‍ക്ക് അത്) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഇഹലോകജീവിതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു.
(27) അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ് ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച് മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക് അവന്‍ നയിക്കുകയും ചെയ്യുന്നു.
(28) അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.