(89) എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും.
(90) നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.
(91) അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്‍റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല.
(92) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്‍റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
(93) എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്.
(94) നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു.
(95) അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (സ്ഥലം ശൂന്യമായി) ശ്രദ്ധിക്കുക: ഥമൂദ് നശിച്ചത് പോലെതന്നെ മദ്‌യനിന്നും നാശം.
(96) നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി.
(97) ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും.