الأنبياء Al-Anbiyaa
(1) ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.
(2) അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ.
(3) ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞ് കൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ?
(4) അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. അവനാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
(5) എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്) (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ട് വന്നു കാണിക്കട്ടെ.
(6) ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ ?
(7) നിനക്ക് മുമ്പ് പുരുഷന്‍മാരെ (ആളുകളെ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക.
(8) അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.
(9) അനന്തരം അവരോടുള്ള വാഗ്ദാനത്തില്‍ നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.
(10) തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?