(147) ഇനി അവര്‍ നിന്നെ നിഷേധിച്ചുകളയുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്‍റെ ശിക്ഷ ഒഴിവാക്കപ്പെടുന്നതല്ല.
(148) ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേ പ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത് വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.
(149) പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.
(150) പറയുക: അല്ലാഹു ഇതൊക്കെ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. ഇനി അവര്‍ (കള്ള) സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാകരുത്. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയവരും, പരലോകത്തില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെവെക്കുന്നവരുമായ ആളുകളുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്.
(151) (നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.