(23) എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
(24) അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.
(25) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവരുടെ ന്യായവാദം നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ (ജീവിപ്പിച്ചു) കൊണ്ട് വരിക. എന്ന അവരുടെ വാക്ക് മാത്രമായിരിക്കും.
(26) പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
(27) അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം.
(28) (അന്ന്) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)
(29) ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.
(30) എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ് തന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.
(31) എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും:) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.
(32) തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്. ആ അന്ത്യസമയമാകട്ടെ അതിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ പറയും: എന്താണ് അന്ത്യസമയമെന്ന് ഞങ്ങള്‍ക്കറിഞ്ഞ് കൂടാ. ഞങ്ങള്‍ക്ക് ഒരു തരം ഊഹം മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല.