(10) അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു
(11) ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
(12) അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല.
(13) തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്.
(14) കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്.
(15) അവര്‍ക്കു മുമ്പ് അടുത്ത് തന്നെ കഴിഞ്ഞുപോയവരുടെ സ്ഥിതി പോലെത്തന്നെ. അവര്‍ ചെയ്തിരുന്ന കാര്യങ്ങളുടെ ദുഷ്ഫലം അവര്‍ ആസ്വദിച്ചു കഴിഞ്ഞു. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്.
(16) പിശാചിന്‍റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു.